FAMILY LIFE OF K. PARAMESWARAN MASTER
തൃശ്ശൂർ ജില്ലയിലെ, ആമ്പല്ലൂർ വില്ലേജിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് വട്ടണാത്ര. 1938 വരെ ഈ പ്രദേശം വരന്തരപ്പിള്ളി പഞ്ചായത്തിലായിരുന്നു എന്നാണ് അറിവ്. ഇന്ന് ഈ പ്രദേശം അളഗപ്പനഗർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നു. സഞ്ചാരയോഗ്യമായ വഴികളൊന്നും ഇല്ലാത്ത, വാഹന സൗകര്യങ്ങളൊന്നും ഇല്ലാത്ത, വൈദ്യുത വെളിച്ചം കണ്മിഴിച്ചിട്ടില്ലാത്ത ഒരു കുഗ്രാമം ആയിരുന്നു വട്ടണാത്ര ആയിരത്തി തൊള്ളായിരത്തി മുപ്പതു(നാല്പതു)കളിൽ. വിശ്വാസവും അന്ധവിശ്വാസവും കെട്ടുപിണഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കുന്ന കാലം. മറുതയും ചാത്തനും മാട്ടും മാരണവും ഉണ്ടായിരുന്ന കാലം. സന്ധ്യ മയങ്ങിയാൽ ആളുകൾ പുറത്തിറങ്ങാൻ ധൈര്യപ്പെടാത്ത കാലഘട്ടം. കാർഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജനസമൂഹം. അതായിരുന്നു അന്നത്തെ വട്ടണാത്രയുടെ മുഖചിത്രം.
കൊല്ലേരി, കാര്യാട്ട്, കൈപ്പിള്ളി, കുന്നത്ത്, ചിറ്റിപ്പുറത്ത് മുതലായ നായർ തറവാടുകളും തെക്കേടത്തുമന, കിഴക്കേടത്തുമന തുടങ്ങിയ നമ്പൂതിരി ഇല്ലങ്ങളും മറ്റു ജാതിക്കാരുടെ ഏതാനും വീടുകളും ചേർന്നാൽ വട്ടണാത്രയായി എന്നു കരുതാം. ഈ മനകളിലെ കൃഷി സ്ഥലങ്ങളിലെ പാട്ടക്കാരായിരുന്നു മിക്ക നായർ തറവാട്ടുകാരും; മറ്റുള്ളവർ കർഷക തൊഴിലാളികളും.
വട്ടണാത്രയിലെ പേരുകേട്ട രണ്ടു നായർ തറവാടുകളാണ് കൊല്ലേരിയും കാര്യാട്ടും. കാര്യാട്ടുവീട്ടിലെ കല്യാണി അമ്മയ്ക്കു പുടവ കൊടുത്തത് കൊല്ലേരി നാരായണൻ നായർ ആണ്.
1935 ജൂൺ 25 കല്യാണി അമ്മയ്ക്കും നാരായണൻ നായർക്കും ഒരു സുദിനമായിരുന്നു. അന്നാണവർക്ക് ഒരു പുത്രൻ ജനിച്ചത്. സ്വതവെ ശിവഭക്തരായ ആ ദമ്പതികൾ പുത്രന് പരമേശ്വരൻ എന്ന് യഥാസമയം നാമകരണം ചെയ്തു. ആ കർഷക കുടുംബത്തിൽ ആനന്ദം വിതറി പരമേശ്വരൻ കളിച്ചു വളർന്നു. അമ്മ വീട്ടിലും അച്ഛൻ വീട്ടിലും മാറി മാറി താമസിച്ച കുട്ടി കാർഷികവൃത്തികൾ കണ്ട് ശീലിച്ച് കൃമേണ അതിൽ ആകൃഷ്ടനായി എന്നാണ് പറഞ്ഞു കേൾക്കുന്നത്.
1965 മെയ് 9. അന്നായിരുന്നു മാസ്റ്റരുടെ വിവാഹം. പൂക്കോട് കൈപ്പിള്ളി രാമൻ നായരുടെയും കൊല്ലേരി അമ്മുക്കുട്ടി അമ്മയുടെയും മകൾ കുഞ്ചിക്കുട്ടി ആയിരുന്നു വധു.
പരമേശ്വരൻ-കുഞ്ചിക്കുട്ടി ദമ്പതികൾക്ക് അഞ്ചു മക്കളുണ്ടയി അഞ്ചുപേരും പുത്രന്മാർ. ഒരു പുത്രി കൂടി വേണം എന്ന ആഗ്രഹമാണ് മക്കളുടെ സംഖ്യ അഞ്ചിലെത്തിച്ചത് എന്ന് മാസ്റ്റർ പറയാറുണ്ട്.
No comments:
Post a Comment